Thursday 14 November 2019

വിവരക്കേടുകള്‍ക്ക് വഴങ്ങരുത്  


വാക്സിനുകള്‍ മനുഷ്യരാശിയുടെ ചരിത്രം മാറ്റിമറിച്ചിട്ട് ഇപ്പോള്‍ 223 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ വസൂരി (small pox) ക്കെതിരെയുള്ള വാക്സിന്‍ ആദ്യമായി ബ്രിട്ടീഷ്‌ ഫിസിഷ്യന്‍ ആയ എഡ്വാര്‍ഡ്‌ ജെന്നര്‍ 1796 ല്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട്‌ ശാസ്ത്രവും വസൂരിയും തമ്മിലുള്ള പോരാട്ടമായിരുന്നു. വസൂരി പിടിച്ചവരില്‍  30-35 ശതമാനം വ്യക്തികളും മരണത്തിനു കീഴടങ്ങി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത് 80 ശതമാനത്തോളമായിരുന്നു. ലോകത്തെ വിറപ്പിച്ച് നടന്ന വസൂരി 1978 ലാണ് അവസാനമായി റിപ്പോര്‍ട ചെയ്തത്. 1980 ല്‍ ലോകാരോഗ്യ സംഘടന വസൂരിയെന്ന മഹാവിപത്തിനെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കിയതായി പ്രഖ്യാപിച്ചു. 1802 ലാണ് ഇന്ത്യയില്‍ ആദ്യമായി ഈ വാക്സിന്‍ ഉപയോഗിച്ചത്. ഇന്ത്യന്‍ ജനത ആദ്യമൊക്കെ ഈ വാക്സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിച്ചു. പലരും വസൂരിയെ ദേവികൊപമായി കണ്ടിരുന്ന കാലത്ത് ദൈവിക ശിക്ഷകള്‍ മനുഷ്യ നിര്‍മിത മരുന്നുകള്‍ കൊണ്ട് തടയാം എന്നത് അംഗീകരിക്കാന്‍ പലര്‍ക്കും ഭയമായിരിന്നു. ചില ഹൈന്ദവര്‍ വിശുദ്ധ മൃഗമായ പശുവാണ്‌ വാക്സിന്റെ ഉറവിടമെന്നറിഞ്ഞതിനാലും എതിര്ത്തിരുന്നത്രേ. 1892 ല്‍ ബ്രിട്ടീഷ്‌ ഗവന്മേന്റ്റ് കമ്പല്‍സറി വാക്സിനേഷന്‍ ആക്ട്‌ കൊണ്ടുവരുകയും വാക്സിനേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്തു എങ്കിലും രോഗം പടരുന്ന അവസരങ്ങളില്‍ ഒഴികെ വാക്സിനേഷന്‍ പരിപാടി വിജയം കണ്ടില്ല. തുടര്‍ന്നുള്ള കഠിന പ്രയത്നങ്ങളുടെ ഫലമായി 1977  ല്‍  ഇന്ത്യ വസൂരി വിമുക്തമായി. വസൂരിക്കെതിരെയുള്ള വാക്സിന്‍ വിജയമായതിനെ തുടര്‍ന്ന് ശാസ്ത്ര ലോകത്ത് വാക്സിന്‍ വിപ്ലവം തന്നെ നടന്നു. പല രോഗങ്ങള്‍ക്കും ഉള്ള വാക്സിന്‍ കണ്ടുപിടിക്കപെട്ടു.
ചെറുപ്പത്തില്‍ എന്റെ ഗ്രാമത്തില്‍ ലോട്ടറി വിറ്റ്‌ ഉപജീവനം തേടിയിരുന്ന ഒരു തമിഴന്‍ മുനിയാണ്ടി അണ്ണന്‍ ഉണ്ടായിരുന്നു. പോളിയോ ബാധിച്ച കാലുകളുമായി നടന്നിരുന്ന  മുനിയാണ്ടി അണ്ണനെ ചൂണ്ടി ആ അണ്ണന്റെ കാലെന്താ അങ്ങനെ എന്ന് ചോദിച്ച എനിക്ക് എന്റെ അപ്പന്‍ ആണ് പോളിയോ എന്ന രോഗമാണെന്നും മോന് അങ്ങനത്തെ രോഗം ഒന്നും വരില്ല എന്നും അതിനൊക്കെ ഉള്ള കുത്തിവയ്പ്പ് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു തന്നതും. പിന്നീട് വാക്സിനുകളെ കുറിച്ച് പഠിച്ച ക്ലാസ്സുകളില്‍ എല്ലാം ഒരുതരം വീരാരാധന വാക്സിനുകളോട് ഉണ്ടായി.  രാജസ്ഥാനിലെ ഒരു നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് സമപ്രായക്കാരും തന്നെക്കാളും ചെറിയവരുമായ വ്യക്തികളില്‍ പോളിയോ ബാധിച്ചതു  ഞാന്‍ ആദ്യമായി കണ്ടത്. അന്ന് പലപ്പോഴും വിദ്യാഭ്യാസം കടന്നു ചെല്ലാത്തതിന്റെ ദോഷമായി അതിനെ ഞങ്ങള്‍ വിലയിരുത്തുകയും കേരളം ദൈവത്തിന്റെ മാത്രമല്ല വാക്സിന്റെയും സ്വന്തം നാടാണെന്ന് വിശ്വസിക്കുകയും ചെയ്തു. 1955 ല്‍ ജോനാസ് എഡ്വാര്‍ഡ്‌ സാല്‍ക് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആണ് പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത്. മനുഷ്യ സ്നേഹി ആയ ആ മഹാനോട് പോളിയോ വാക്സിന്റെ പേറ്റന്‍റിനെ കുറിച്ച് ചോദിച്ചപ്പോള്‍ സൂര്യന്റെ പേറ്റന്റ് ആര്‍ക്ക് എടുക്കാന്‍ സാധിക്കും എന്ന് തിരിച്ചു ചോദിച്ചു കൊണ്ട് മറുപടി നല്‍കിയത് ചരിത്രം. 1978 ലാണ് ഇന്ത്യയില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുന്ന പദ്ധതി തുടങ്ങുന്നത്. പ്രസ്തുത കാലഘട്ടത്തില്‍ വാക്സിനെ കൈനീട്ടി സ്വീകരിച്ച മലയാളിയുടെ തലമുറയില്‍ പെട്ട ഭാഗ്യവാന്‍മാരില്‍ ഒരാള്‍ ആവാന്‍ കഴിഞ്ഞത് എന്റെ ചരിത്രം. 
1988  ലാണ് ഗ്ലോബല്‍ പോളിയോ ഇരാടികേഷന്‍ ഇനിഷിയെട്ടിവ് നു തുടക്കം കുറിച്ചത്. നിര്‍ഭാഗ്യകരം എന്ന് പറയട്ടെ മതങ്ങള്‍ പോളിയോ നിര്‍മ്മജന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസങ്ങള്‍ തന്നെ സൃഷ്ടിച്ചു. നൈജീരിയ, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങില്‍ ചില മുസ്ലിം മത നേതൃത്വങ്ങള്‍  പോളിയോ വാക്സിന്‍  നല്‍കുന്നത് ഭീഷണി, ആക്രമം, ഫത്വ എന്നിവകൊണ്ട് തടസ്സപെടുത്തി. പോളിയോ വാക്സിനേഷന്‍ മുസ്ലിം സമൂഹത്തില്‍  വന്ധ്യത കൊണ്ടുവരുന്നതിനും അത് വഴി മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അമേരിക്കന്‍ സൂത്രപണി ആണെന്നും പറഞ്ഞു താലിബാന്‍ വാക്സിനേഷന് എതിരെ ഫത്വ ഇറക്കി. അല്ലാഹുവിന്റെ ഇഷ്ടത്തിനു എതിരാണ് വാക്സിനേഷന്‍ എന്ന പ്രചരണവും  വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്നത് കൊണ്ട് താലിബാന്‍ ഭീകരരാല്‍ കൊല്ലപ്പെട്ട അബ്ദുല്‍ ഖനി മാര്‍വാട്ട് എന്ന ഉദ്യോഗസ്ഥനും പോളിയോ നിര്‍മ്മാജന പ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ചുവന്ന നക്ഷത്രമായി തുടരുന്നു.
ഇന്ത്യയില്‍ പോളിയോ നിര്‍മ്മാജന ശ്രമങ്ങളെ ഹിന്ദു സമൂഹത്ത്തിലെ ഭൂരിഭാഗവും സ്വീകരിച്ചു. ചുരുക്കം ചില സമുദായങ്ങള്‍ ഉത്തരേന്ത്യയില്‍ വിമുഖത തുടക്കത്തില്‍ കാണിച്ചെങ്കിലും പിന്നീടു അവര്‍ പോളിയോ നിര്‍മ്മാജനത്തെ അംഗീകരിച്ചു. ഉത്തരേന്ത്യയില്‍  പക്ഷെ ഈ കാര്യത്തില്‍ വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ സ്ഥലങ്ങളില്‍ മുസ്ലിം സമൂഹം വാക്സിനേഷനെ എതിര്‍ത്ത് പോന്നു. 2009 , നവംമ്പറില്‍ല് പുറത്തിറങ്ങിയ ഇന്ത്യന്‍ പീടിയാട്രിക്സ്‌ എന്ന മെഡിക്കല്‍ ജേണലില്‍ വന്ന ഒരു പഠനം ഈ വിഷയത്തിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിച്ച് വിശദീകരിക്കുന്നുണ്ട്. വാക്സിനെഷനെ എതിര്‍ക്കുന്നവര്‍ പബ്ലിഷ് ചെയ്യുന്ന  ചില ലീഫ് ലെറ്റുകള്‍ ജനങ്ങളെ വാക്സിനേഷന്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ചില പുരോഹിതര്‍ പള്ളികളിലെ പ്രാര്‍ത്ഥനക്ക് ശേഷം വാക്സിനേഷന് എതിരായി സംസാരിച്ചുകൊണ്ടു ജനങ്ങളെ വാക്സിനെഷനില്‍ നിന്നകറ്റി. വാക്സിനുകളില്‍ പന്നിയുടെ സ്രവങ്ങള്‍ ഉണ്ട്, അവ മുസ്ലിം സമൂഹത്തെ വന്ധ്യംകരിക്കും, ഇസ്ലാം വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണിത്.... എന്ന് തുടങ്ങി പല വ്യാജ പ്രചാരണങ്ങളും ഉണ്ടായി. മത പുരോഹിതരെ കാര്യങ്ങള്‍ ധരിപ്പിച്ചു പള്ളികളില്‍ വാക്സിനേഷന് അനുകൂലമായ നിലപാടുകള്‍ എടുത്തപ്പോള്‍ ഓട്ടോറിക്ഷകളിലൂടെ ഉച്ചഭാഷിണി ഉപയോഗിച്ച് വാക്സിനേഷന്‍ വിരുദ്ധ പ്രചാരണങ്ങള്‍ ചിലര്‍ നടത്തുകയുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ക്കിടയിലും പോളിയോ ബാധിത കുടുംബങ്ങളില്‍നിന്നും വിദ്യാഭ്യാസപരമായ മുന്നേറ്റം ഉണ്ടായ മുസ്ലിം കുടുമ്പങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വലിയ തോതില്‍ പോളിയോ വാക്സിനേഷന് സപ്പോര്‍ട്ട് ലഭിച്ചു. കഠിനമായ പ്രവര്‍ത്തനത്തിലൂടെ നാം പോളിയോയെ ഇന്ത്യയില്‍ നിന്നും തുരത്തി. 2014 നു ഇന്ത്യ പോളിയോ  മുക്തമായതായി ലോകാര്യോഗ്യ സംഘടന പ്രഖ്യാപിച്ചു.
ആഹ്ലാദത്തിനു പക്ഷെ നമ്മുക്ക് വകുപ്പില്ല.. 100 % ജനങ്ങളും  പ്രാഥമിക വിദ്യാഭ്യാസം നേടിയ കേരളത്തില്‍ വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നു എന്നത് ഇരുണ്ട യുഗത്തിലെക്കുള്ള തിരിച്ചു പോക്കാകും.  അഫ്ഘാനിസ്ഥാനിലും, പാകിസ്ഥാനിലും, നൈജീരിയയിലും, അറിവിന്റെ വെളിച്ചം ചെല്ലാതെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും നടക്കുന്ന പോലുള്ള പ്രചരണങ്ങളില്‍ കേരളവും വീണുപോയാല്‍ പിന്നെ മലയാളി ശാസ്ത്രത്തോടും ചരിത്രത്തോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും അത്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വന്ന ഓരോ യുവാവും യുവതിയും സ്വന്തം ഗ്രാമങ്ങളിലും അയല്‍പക്കങ്ങളിലും വീട്ടിലും വാക്സിനേഷന്റെ അമ്പാസിഡര്‍ ആകണം ....................................നമ്മുക്ക് നാടിനുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയര്‍ത്താം ......................തമസോമ ജ്യോതിര്‍ഗമയ